ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ ബ്രിട്ടന്‍: പള്ളിയും സിനിമ തിയറ്ററുകളും തുറക്കും

0

ലണ്ടന്‍: ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനം. ജൂലായ് നാലിന് ചില മേഖലകളിലൊഴികെ മറ്റെല്ലാ  നിയന്ത്രണങ്ങളും പിന്‍വലിച്ചേക്കും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. ആരാധനാലയങ്ങള്‍, സിനിമാ തിയറ്ററുകള്‍, മ്യൂസിയം, ബാര്‍, റസ്റ്റോറന്റ്, പബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി മിക്ക സ്ഥാപനങ്ങളും തുറക്കും. ഇവയെല്ലാം കഴിഞ്ഞ മൂന്ന് മാസമായി ബ്രിട്ടനില്‍ അടഞ്ഞുകിടക്കുകയാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 23നാണ് ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും സാമൂഹിക അകലം പാലിക്കുന്നതടക്കം സര്‍ക്കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ടി വരും. ചൊവ്വാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീക്കാന്‍ തീരുമാനമായത്. സാമൂഹിക അകലം രണ്ട് മീറ്ററില്‍ നിന്ന് ഒരു മീറ്ററായി കുറക്കാനും തീരുമാനമായി.

അതേസമയം, നൈറ്റ് ക്ലബുകള്‍, സ്പാ സെന്ററുകള്‍, നെയില്‍ ബാറുകള്‍, ടാറ്റൂ പാര്‍ലറുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല.

ബ്രിട്ടനില്‍ കൊവിഡ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം താഴ്ന്നതോടെയാണ് സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ വലിയ രീതിയിലുള്ള ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. രാജ്യത്തെ മരണ നിരക്ക് 121 എന്ന നിലയിലേക്ക് താഴ്ന്നു. ബ്രിട്ടനില്‍ ഇതുവരെ 42,000  പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ദിവസേന 1000ത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം പുതുതായി സ്ഥിരീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here