പശ്ചിമ ബംഗാളിൽ അക്രമം തുടരുന്നു: മരണം പതിനൊന്നായി

0

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമങ്ങളിൽ മരണം പതിനൊന്നായി ഉയർന്നു. തൃണമൂൽ കോൺഗ്രസ് അനുഭാവികൾ പാർട്ടിപ്രവർത്തകയെ കൂട്ടബലാൽസംഗം ചെയ്തെന്ന് ബിജെപി ആരോപിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സാഹചര്യം വിലയിരുത്താൻ ബംഗാളിലെത്തി. അക്രമത്തില്‍ പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമ ബംഗാൾ ഗവർണ്ണറുമായി നരേന്ദ്ര മോദി സംസാരിച്ചു.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമം അഴിച്ചു വിടുകയായിരുന്നു. പലയിടത്തും ബിജെപി ഓഫീസുകൾ കത്തിച്ചു. നന്ദിഗ്രാം മണ്ഡലത്തിലെ നാല് ഓഫീസുകളാണ് അഗ്നിക്കിരയാക്കിയത്. വാഹനങ്ങൾ കത്തിച്ചു. നിരവധി ബിജെപി സ്ഥാനാർത്ഥികളുടെ വീടുകൾക്ക് നേരെ അക്രമം നടന്നു.

ബീർഭുമിലെ നാനൂരിൽ ബിജെപി പ്രവർത്തകയെ തൃണമൂൽ അനുഭാവികൾ കൂട്ടബലാൽസംഗം ചെയ്തെന്ന് പാർട്ടി ആരോപിച്ചു. ചില ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു. പകുർഹാഷിലും സമാന സംഭവങ്ങൾ അരങ്ങേറിയെന്ന് ബിജെപി സംസ്ഥാന നേതാക്കൾ അറിയിച്ചു. ആയിരത്തോളം കുടുംബങ്ങൾ പലായനം ചെയ്യുകയാണെന്നും സ്ത്രീകൾക്കെതിരെ വ്യാപക അക്രമം നടക്കുന്നു എന്നും ബിജെപി എംപി സ്വപൻദാസ് ഗുപ്ത ട്വിറ്ററിൽ കുറിച്ചു.

അക്രമം നടന്ന സ്ഥലങ്ങളിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എത്തും. നാളെ ദേശവ്യാപകമായി പ്രതിഷേധ ധർണ്ണ നടത്താൻ ബിജെപി ആഹ്വാനം ചെയ്തു. കേന്ദ്രം, സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സിപിഎം ഓഫീസുകൾക്കെതിരെയും പലയിടത്തും അക്രമം നടന്നു.

കൊവിഡ് പ്രതിരോധിക്കേണ്ട സമയത്താണ് തൃണമൂൽ അരാജകത്വം അഴിച്ചു വിടുന്നതെന്നും ഇത് ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിപ്രവർത്തകർ സമാധാനം പാലിക്കണമെന്ന് മമത ബാനർജി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വലിയ വിജയത്തിന് പിന്നാലെ ബംഗാളിൽ നിന്ന് പുറത്തുവരുന്ന കാഴ്ചകൾ എന്തായാലും തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here