വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരം: ഇന്ന് 4 ലക്ഷം ഡോസ് വാക്സീനെത്തും

0

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി കേരളത്തിലെത്തും. 75000 ഡോസ് കൊവാക്സീനും കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും കിട്ടിയിട്ടുമില്ല.

കൊവാക്സീനും കൊവിഷീൽഡും ഉൾപ്പെടെ ആകെ 2 ലക്ഷം ഡോസ് വാകസീനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സീൻ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളിൽ വാക്സീനേഷൻ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആകെ ഉള്ള വാക്സീനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇങ്ങനെ മൂന്ന് മേഖലക്കും കൂടി ഉള്ളതാണിത്.

അതിനിടെ ആദ്യ ഡോസ് എടുക്കാനുള്ളവര്‍ക്ക് കൊവിൻ ആപ്പിൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുന്നുണ്ട്. ദിവസങ്ങൾ പരിശ്രമിച്ചാണ് സ്ഥലവും സമയവും കിട്ടുന്നത്. കേരളത്തിന്‍റ ആവശ്യം അനുസരിച്ചുള്ള വാക്സീൻ കിട്ടാത്തതിനാല്‍ വളരെ കുറച്ച് സമയം മാത്രമാണ് രജിസട്രേഷനായി ആപ്പ് സജ്ജമാക്കുന്നത്. അതേസമയം 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഇതുവരെ തുടങ്ങിയിട്ടില്ല. എന്ന് തുടങ്ങുമെന്നതിലും വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here