‘പാപ്പനി’ലെ എബ്രഹാം മാത്തനും മൈക്കളും: കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സുരേഷ് ഗോപി

0

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ബിഗ് സ്ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘പാപ്പന്‍’. ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണ്.

‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്‍റെയും മകന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.

‘മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

‘പൊറിഞ്ചു മറിയം ജോസി’ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്.

പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here